കുമ്പളങ്ങയുടെ ആരോഗ്യഗുണങ്ങൾ അറിയാം
മലയാളിയുടെ സദ്യവട്ടങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കുമ്പളങ്ങ. ഓലനും പുളിശേരിയും കിച്ചടിയും എല്ലാം കുമ്പളങ്ങ കൊണ്ട് ഉണ്ടാക്കുന്നു. പച്ചക്കറി എന്നതു മാത്രമല്ല, ഔഷധമായും കുമ്പളങ്ങ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ പനി, വയറുകടി തുടങ്ങി നിരവധി രോഗങ്ങൾക്കുള്ള മരുന്നാണ് കുമ്പളങ്ങ. നിസാരക്കാരാണെന്നു തോന്നുമെങ്കിലും നിരവധി ആരോഗ്യഗുണങ്ങൾ കുമ്പളങ്ങയ്ക്കുണ്ട്. ഇതിന്റെ ഇലയും തണ്ടും എല്ലാം ഉപയോഗ്യമാണ്.
100 ഗ്രാം കുമ്പളങ്ങയിൽ 13 കിലോ കാലറി ഉണ്ട്. അന്നജവും പ്രോട്ടീനും ഇതിലടങ്ങിയിരിക്കുന്നു. 2.9 ഗ്രാം ഭക്ഷ്യനാരുകൾ, കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ് എന്നിവയും ചെറിയ അളവിൽ കുമ്പളങ്ങയിലുണ്ട്. അയൺ പൊട്ടാസ്യം, സിങ്ക് ഇവയും കുമ്പളങ്ങയിലുണ്ട്. 13 മി.ഗ്രാം വൈറ്റമിൻ സി യും കുമ്പളങ്ങയിലുണ്ട്. ആന്റിഓക്‌സിഡന്റുകൾ പ്രത്യേകിച്ചും കരോട്ടിനോയ്ഡ്, ഫ്ലേവനോയ്ഡ്, പ്രമേഹം ഇവയെ എല്ലാം ഇവ പ്രതിരോധിക്കുന്നു.
മറ്റു പച്ചക്കറിയുടെ അത്രയും പ്രാധാന്യം ഇല്ലെങ്കിലും കുമ്പളങ്ങ ഇന്ന് മിക്കവരും കഴിക്കാറുണ്ട്. മോര് കാച്ചിയും പുളിശ്ശേരിയായും ഓലനായുമൊക്കെ നന്നായി കഴിക്കും. പ്രധാന കാരണം തടികുറയ്ക്കാന്‍ കുമ്പളങ്ങ നല്ലതാണെന്ന് അറിഞ്ഞതോടെയാണ്. നിരവധി പോഷകഗുണങ്ങളുള്ള കുമ്പളങ്ങയിൽ വലിയ അളവിൽ ജലാംശം ഉണ്ട്. കലോറി തീരെ കുറഞ്ഞ പച്ചക്കറി ആയതിനാൽ തടിയും വയറും കുറയ്ക്കാൻ കുമ്പളങ്ങ നല്ലതാണ്.
ശരീരഭാരം കുറയ്ക്കാൻ മികച്ച ഒന്നാണ് കുമ്പളങ്ങ ജ്യൂസ്. കുമ്പളങ്ങയിൽ ധാരാളം ഫൈബർ ഉണ്ട്. ഫൈബർ അഥവാ നാരുകൾ അടങ്ങിയ ഭക്ഷണം ദഹനം സാവധാനത്തിലാക്കും. ചെറിയ അളവിൽ കുമ്പളങ്ങ കഴിക്കുന്നതു ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കും. കുമ്പളങ്ങയിൽ കാലറി വളരെ കുറവാണ്. 100 ഗ്രാം കുമ്പളങ്ങയിൽ 4 ഗ്രാം അന്നജം അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ലോ കാർബ് ഡയറ്റുകൾ ഏറെ സഹായകമാണ്. വളരെ കുറഞ്ഞ അളവിൽ മാത്രമേ കൊഴുപ്പ് ഇതിൽ അടങ്ങിയിട്ടുള്ളൂ. ഇതും ശരീരഭാരം കൂടാതെ സഹായിക്കും. കുമ്പളങ്ങയിലടങ്ങിയ പൊട്ടാസ്യം ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു. ശരീരഭാരം കൂടാൻ ഒരു കാരണം 'സ്‌ട്രെസ് ഈറ്റിങ്ങ്' ആണ്. കുമ്പളങ്ങയിൽ സ്‌ട്രെസ് ഹോർമോണിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന റൈബോഫ്ലേവിൻ അടങ്ങിയിട്ടുണ്ട്. ഇത് തൈറോയ്ഡിന്റെ അളവും നിയന്ത്രിക്കുന്നു. ഇങ്ങനെയെല്ലാമാണ് ശരീരഭാരം കുറയ്ക്കാൻ കുമ്പളങ്ങ സഹായിക്കുന്നത്.
തടികുറയ്ക്കാനായി കുമ്പളങ്ങ ജ്യൂസായും ചിലർ കഴിക്കാറുണ്ട്. നിസാരക്കാരനാണെന്നു തോന്നുമെങ്കിലും നിരവധി ആരോഗ്യഗുണങ്ങൾ കുമ്പളങ്ങയ്ക്കുണ്ട്. ഇതിന്റെ ഇലയും തണ്ടും എല്ലാം ഉപയോഗിക്കാവുന്നതാണ്. ആരോഗ്യഗുണങ്ങൾ ഏറെയുള്ള കുമ്പളങ്ങ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ജ്യൂസ് രൂപത്തിലും കറികളിൽ ചേർത്തു ഇവ പതിവായി ഉപയോഗിക്കാം.
കുമ്പളങ്ങ കൊണ്ട് എളുപ്പത്തിൽ ഒഴിച്ച്ക്കറി വച്ചാലോ? എങ്ങനെയെന്ന് നോക്കാം.
കുമ്പളങ്ങയും പരിപ്പും
പരിപ്പും കുമ്പളങ്ങയും ചേർത്ത രുചികരമായ കറി ആർക്കും ഇഷ്ടപ്പെടും. അരകപ്പ് തുവരപരിപ്പ് കഴുകി വൃത്തിയാക്കി എടുക്കാം. എത്രയാണോ പരിപ്പ് എടുക്കുന്നേ അതിൽ കൂടുതൽ കുമ്പളങ്ങ എടുക്കണം. അരകപ്പ് പരിപ്പ് ആണെങ്കിൽ 4 കപ്പ് കുമ്പളങ്ങ കഷ്ണങ്ങളാക്കിയത് എടുക്കാം. കുമ്പളങ്ങയും പരിപ്പും ആവശ്യത്തിന് ഉപ്പും 2 പച്ചമുളകും ചേർത്ത് കുക്കറിൽ വയ്ക്കാം. 2 വിസിൽ വന്നു കഴിയുമ്പോൾ തീ അണയ്ക്കാം. കുക്കറിലെ ആവി പോയി കഴിഞ്ഞ് തുറക്കാം. കുമ്പളങ്ങയും പരിപ്പും നന്നായി ഉടച്ചെടുക്കാം. അതിലേക്ക് തേങ്ങയും ഇത്തിരി ജീരകവും ചെറിയ ഉള്ളിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. അരപ്പ് കറിയിലേക്ക് ചേർത്ത് തിളപ്പിക്കണം. ശേഷം പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം. രുചിയൂറും കറി റെഡി.