യൂറിക്ക് ആസിഡ് കുറയാൻ ലളിതമായ ഗൃഹവൈദ്യം...
ശരീരത്തിൽ യൂറിക്കാസിഡ് അളവ്കൂടുന്നത് ഇന്ന് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. സാധാരണയായി പുരുഷന്മാരിലാണ് ഈ ബുദ്ധിമുട്ട് കൂടുതൽ കാണുന്നത്. പല കാരണങ്ങൾ കൊണ്ടും യൂറിക് ആസിഡ് അളവിൽ വർദ്ധനവ് ഉണ്ടാകാം.
സന്ധിവേദനകൾ ,ഉപ്പൂറ്റി വേദന, ഇടുപ്പുവേദന, മുട്ടുവേദന, കൈകാലുകൾക്ക് തരിപ്പും മരവിപ്പും വേദനയും ഇവയ്ക്കെല്ലാം ഒരു കാരണമായി പറയുന്നത് അനാവശ്യ ലവണങ്ങൾ ശരീരത്തിൽ അടിഞ്ഞ് കൂടുന്നതാണ്.ഗൃഹവൈദ്യത്തിൽ നിന്ന് ഇതിനൊരു ലളിതമായ പരിഹാരം ആണ് ഇന്നിവിടെ പറയുന്നത്.
അഞ്ച് ചുവന്നുള്ളി, ഒരു ചെറിയ കഷണം
പച്ചമഞ്ഞൾ, ഒരു കഷണം ഇഞ്ചി, നാലഞ്ചു നെല്ലിക്ക കുരുകളഞ്ഞത് , ഒരു ചെറുകഷണം കറുകപ്പട്ട , ഏഴു കുരുമുളക്, അഞ്ച് ഗ്രാമ്പൂ , അല്പം രാമച്ച വേര് ഇത്രയും ഒരുമിച്ച് അമ്മിക്കല്ലിലോ ഇടിയനിലോ വച്ച് ചതച്ച് ആറ് ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് രണ്ട് ഗ്ലാസ് ആയി വറ്റിച്ച് അരിച്ചെടുത്ത് രാവിലെയും വൈകിട്ടും ഭക്ഷണശേഷം ഒരാഴ്ച തുടർച്ചയായി കുടിക്കുക.ഇത് ഓരോ ദിവസത്തെ ഉപയോഗത്തിനും അന്നന്ന് തയ്യാറാക്കി എടുക്കേണ്ടതാണ്.
യൂറിക്ക് ആസിഡ് നോർമൽ ആവാനും ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന ലവണാംശങ്ങൾ നീക്കം ചെയ്ത് അതുവഴി നീരും വേദനയും കുറയാനും ഈ ഔഷധം സഹായിക്കുന്നു
ഭക്ഷണത്തിൽ ഒഴിവാക്കേണ്ടത്
മധുരപലഹാരങ്ങൾ, കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുക, പോത്തിറച്ചി, താറാവ് ഇറച്ചി, പോർക്ക് മുതലായവ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതാണ്.
കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ളവർ, പ്രമേഹ രോഗികൾ, ദഹനപ്രക്രിയ സംബന്ധമായ അസുഖമുള്ളവർ, അമിത വണ്ണമുള്ളവർ ഇത്തരക്കാരിലൊക്കെ യൂറിക് ആസിഡ് കൂടുന്നതായി കാണാറുണ്ട്. അമിതമായി മദ്യപിക്കുന്നവരിലും യൂറിക് ആസിഡ് കൂടുന്നതായി കാണാറുണ്ട്. മുകളിൽ പറഞ്ഞതുപ്രകാരം ചെയ്തിട്ടും യൂറിക് ആസിഡ് കുറയുന്നില്ലെങ്കിൽ ചികിത്സ ആവശ്യമാണ്.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.