തനിച്ച് നിൽക്കാനും തന്റേടത്തോടെ പ്രതികരിക്കാനും കഴിയുന്നുണ്ടോ ?
സ്വന്തം വ്യക്തിത്വത്തിന്റെ തണലിൽ കഴിയുന്നതാണ് അന്തസ്സെങ്കിലും മിക്കവരും മറ്റുള്ളവരുടേയോ സംഘടനകളുടെയോ തണലിലാണ് കഴിഞ്ഞു വരുന്നത് . എന്തുകൊണ്ടാകാം. തനിച്ചു നിൽക്കാനുള്ള ഭയമാണ് പലപ്പോഴും ഇത്തരം ചെയ്തികളുടെ പിന്നിലുണ്ടാക്കുക. മറ്റുളളവരും തന്നോടൊപ്പം ഉണ്ടാകുമല്ലോ എന്ന ചിന്തയാണ് മറ്റുള്ളവർക്ക് അടിമയാകാൻ പലപ്പോഴും പ്രേരിപ്പിക്കപ്പെടാറുളളത്.. ഈ ഭയമാണ് എല്ലാതരം അടിമത്തങ്ങളുടെയും പിന്നിൽ. ഭയം ഇല്ലാതായാൽ എല്ലാത്തരം ചൂഷണങ്ങളും അവസാനിക്കും.
പേടിയുള്ളതിനെ ഒന്നും ആരും സ്നേഹിക്കില്ല , ബഹുമാനിക്കില്ല , ആത്മാർത്ഥതയില്ലാത്ത ആദരവും ആരും കാണാത്തപ്പോഴുള്ള അവഹേളനവുമാണ് ഭയപ്പെട്ടുകൊണ്ടു മറ്റൊരാളെ ബഹുമാനിക്കുന്നവരിൽ കാണാനിടയുള്ളത്..
കൈകൂപ്പി നിൽക്കുന്നവർ ആജ്ഞാനുവർത്തികളോ അടിമകളോ ആണെന്ന് കരുതിയാൽ അതു തെറ്റാണ്. കാര്യം സാധിക്കുന്നതിനോ കലഹം ഒഴിവാക്കുന്നതിനോ വേണ്ടിയുളള താൽക്കാലിക തന്ത്രം മാത്രമാകാം .
ഭയപ്പെടുത്തി പാട്ടിലാക്കുന്നവരിൽ നിന്ന് പരിശ്രമമോ പരിപൂർണതയോ പ്രതീക്ഷിക്കാനാവില്ല. പരിഹാസങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും രക്ഷപെടാനുള്ള ചെപ്പടിവിദ്യ മാത്രമായിരിക്കും അവരുടെ ബഹുമാനം പ്രകടിപ്പിക്കലും പ്രവർത്തികളും . ഇവരെ ഭയപ്പെടുത്തുന്നവരും. അത്ര മികവുള്ളവരുമാകില്ല.
ഭയപ്പെടുത്തി വരുതിയിലാക്കുന്ന രീതിയാണ് ഇന്നു സമൂഹത്തിൽ കണ്ടുവരുന്നത്. തന്റേടത്തോടെ പ്രതികരിക്കാൻ കഴിയുന്നവരെ ആരും ഭീഷണിപ്പെടുത്താൻ ഒരുമ്പെടില്ല. ഭയം വെടിഞ്ഞ് സ്വന്തം വ്യക്ത്വിത്വത്തിന്റെ നല്ല വശങ്ങൾ പൂറത്തെടുത്തു പ്രവർത്തിച്ചു ധൈര്യശാലികളായി മാറുക.
KHAN KARICODE
CON PSYCHOLOGIST