ജീവിതത്തിൽ ശാശ്വത സമാധാനവും ശാന്തതയും സ്വപ്നം കാണുന്നവർ ധാർമ്മികതയും മൂല്യങ്ങളും അനിവാര്യമായും സംരക്ഷിക്കേണ്ടതാണ് .
ജീവിതത്തിൽ എന്നും സത്യസന്ധമായ നിലപാടുകൾ നമ്മൾ സ്വീകരിക്കണം . അപ്പോൾ നമ്മുടെ പ്രവൃത്തികളിൽ പോരായ്മകളില്ലാതെ ഉറച്ചുനിൽക്കാൻ സാധിക്കും .
ധാർമ്മികത എന്നത് പ്രകൃതിയുടെ താളമാണ്. കാലത്തിൻ്റെ കുത്തൊഴുക്കിൽ എന്തെല്ലാം നശിച്ചാലും ശാശ്വതമായി സത്യം മാത്രമെ നിലനിൽക്കുകയുള്ളു.
മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നോട്ടു പോവുക. ഏറ്റവും ഇരുണ്ട മേഘങ്ങൾക്ക് പിന്നിലും സൂര്യൻ പ്രകാശിക്കുന്നുണ്ട്. അതുപോലെ ഏത് കഠിന സാഹചര്യങ്ങളിലും നന്മയുടെ മൂല്യങ്ങൾ എപ്പോഴും ഉണ്ടാകണം.
സത്യസന്ധത എന്നത് ഉപാധികൾക്കു വിധേയമായ ഒരു വാക്കല്ല. അത് കാറ്റിൽ പറന്ന് പോവുകയോ കാലഭേദങ്ങൾക്ക് അനുസരിച്ച് മാറുന്നതോ അല്ല. അത് നമ്മുടെ ഉള്ളിൻ്റെ ഉള്ളിലെ പ്രതിച്ഛായയാണ്. കാലങ്ങളിൽ കൂടി നാം കടന്നു പോന്ന അനുഭവങ്ങളിലൂടെ ആർജ്ജിച്ചെടുത്ത വ്യക്തിത്വം കൂടിയാണത്.
കാലമെത്ര താണ്ടിയാലും എവിടെയും വേദനകളും തിരിച്ചടികളെല്ലാം നേരിട്ടാലും അനുഭവമെന്ന ആ വലിയ പാഠപുസ്തകത്തിൽ നിന്നും നാം പഠിച്ചെടുക്കേണ്ട ഒരു വലിയ പാഠമുണ്ടു്.
അതായിരിക്കണം നമ്മുടെ സത്യസന്ധമായ നിലപാടുകൾ .
സത്യസന്ധത വളരെ വിലയേറിയ അമൂല്യമായ ഒരു സമ്മാനമാണ്. ജീവിതത്തിൽ മൂല്യബോധമില്ലാത്ത ആരിൽ നിന്നും അത് പ്രതീക്ഷിക്കരുത്. ആവശ്യത്തിൽ ഉപരി അതു കൂടി പോവുകയും അരുത്. കാരണം വളവും തിരിവുമില്ലാത്ത
നേർമരങ്ങളാണ് ആദ്യം മുറിക്കപ്പെടുക.
✍️: അശോകൻ.സി.ജി.