ഒരാളെ കുറ്റപ്പെടുത്തുന്നതിനു മുൻപ് അയാൾക്ക് പറയാനുള്ളത് ഒന്ന് ശ്രദ്ധിച്ചു കേൾക്കാൻ ശ്രമിക്കണം .ചിലപ്പോൾ കാര്യങ്ങൾ നമ്മൾ മനസ്സിലാക്കിയത് പോലെ അല്ലെങ്കിലോ ? നമ്മൾ പറയുന്നതും മറ്റൊരാൾ മനസ്സിലാക്കുന്നതും രണ്ടും രണ്ടായി പോകുന്നതാണ് പലപ്പോഴും പല പ്രശ്നങ്ങളുടെയും തുടക്കം .
തെറ്റ് ചെയ്യാതെയുള്ള കുറ്റപ്പെടുത്തൽ ..
അതിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘർഷം .
അത് കത്തിജ്വലിക്കുന്ന തീജാലയുടേതിനേക്കാൾ കാഠിന്യമുള്ള പൊള്ളലാണ് മനസ്സുകളിൽ ഏൽപ്പിക്കുന്നത് .
കണ്ണുകൾ ലോകത്തെ മുഴുവൻ കാണും.എന്നാൽ കണ്ണിനകത്ത് എന്തെങ്കിലും വീണാൽ അത് കാണാൻ കണ്ണുകൾക്ക് കഴിയില്ല . അതുപോലെ തന്നെയാണ് ചില മനുഷ്യരും .മറ്റുള്ളവരുടെ കുറ്റങ്ങൾ അവർ എളുപ്പം കാണും . പക്ഷേ സ്വന്തം കുറ്റങ്ങൾ അവർ കാണില്ല .
ചില വാക്കുകളോ സന്ദർഭങ്ങളോ വളരെ ചെറുതാണെങ്കിൽ പോലും അതുമൂലം മനസ്സിൽ ഉണ്ടാക്കുന്ന നോവുകൾ വളരെ ആഴമേറിയവ ആയിരിക്കും.നമുക്ക് തെറ്റ് തിരുത്താം .. പക്ഷേ ചില തെറ്റായ ധാരണകൾ തിരുത്താൻ ബുദ്ധിമുട്ടാണ് .
മറ്റുള്ളവരുടെ പരിമിതമായ ഭാവന കാരണം ഒരിക്കലും നമ്മൾ സ്വയം പരിമിതപ്പെടുത്തരുത്.
അതുപോലെതന്നെ നമ്മുടെ പരിമിതമായ ഭാവന കൊണ്ട് മറ്റുള്ളവരെയും പരിമിതപ്പെടുത്തരുത് .
ചില സന്ദർഭങ്ങളിലും പ്രവൃത്തികളിലും നമ്മളെ താഴ്ത്തിക്കെട്ടുവാനും, മറ്റുള്ളവരുടെ മുന്നിൽ മോശക്കാരനായി ചിത്രീകരിക്കുവാനും ശ്രമിക്കുന്ന ചിലരൊക്കെ ഉണ്ടാകാം .അവരോടൊക്കെ പ്രതികരിക്കാൻ നിൽക്കേണ്ടതില്ല. അതൊരു മനോരോഗമാണ് .ഒരിക്കലും അതവർ തിരിച്ചറിയുന്നില്ലെന്ന്
മാത്രം.
✍️ :അശോകൻ സി.ജി.