ഭാര്യയെ സ്നേഹിച്ചാൽ പോരേ, അവരുടെ മാതാപിതാക്കളേയും സ്നേഹിക്കണമോ?.
പത്തു മാസം ചുമന്ന് പ്രസവിച്ച മകളെ ഇരുപതോ ഇരുപത്തിമൂന്നോ വയസ്സു വരെ ആറ്റു നോറ്റു വളർത്തി വലുതാക്കി, വേണ്ടത്ര വിദ്യാഭ്യാസവും, ജോലി വരെ വാങ്ങാൻ പ്രാപ്തയാക്കിയ ശേഷമാകാം ആ പെൺകുട്ടിയെ നിങ്ങളുടെ പങ്കാളിയായി അവർ തന്നിട്ടുള്ളത്.
ആ നിലവരെ എത്തിക്കുവാൻ അവർ എത്ര മാത്രം കഷ്ടതകൾ അവർ അനുഭവിച്ചു കാണും?.
ഇനിയുള്ള ആ പെൺകുട്ടിയുടെ യുവത്വവും സൗന്ദര്യവും, വിദ്യാഭ്യാസവും, സേവനവും, മാത്രമല്ല, സ്വർണ്ണവും , ആ മാതാപിതാക്കൾ ഇക്കാലമത്രയും സ്വരുകൂട്ടിയതുമെല്ലാം സമ്മാനമായും, സ്വത്തു വകകളായും നിങ്ങളിലേക്കെത്തി കഴിഞ്ഞിരിക്കുമല്ലോ?.
ഇങ്ങനെ ഒരു ഇണയെ തന്ന ആ മാതാപിതാക്കളോട് കടപ്പെട്ടിരിക്കുകയല്ലേ!
അവരോട് കൃതജ്ഞതയുള്ള ആളാകണ്ടെ!.
ഒരു മരുമകനെയല്ല മകനെയാണ്, അവർ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷകൾക്ക് മങ്ങലേക്കുമ്പോഴാണ് പലപ്പോഴും അവരിൽ നിരസമുണ്ടാകുന്നത്.
അവർ തന്ന ഭൂസ്വത്ത്, സമ്മാനങ്ങൾ ,സ്വർണ്ണം എന്നിവയെ കുറിച്ചുള്ള പരാതികൾ ആ പുരുഷന്റെ വ്യക്തിത്വമില്ലായ്മ ആയിരിക്കില്ലേ വിളിച്ചോതുന്നത്!.
തനിക്കു പിറന്നതല്ലെങ്കിലും, മകനായി കണ്ട, മകളുടെ ഭർത്താവിൽ നിന്ന് അർഹമായ വില കിട്ടാതെ വരുമ്പോഴാണ് മകൾ വന്നു പറയുന്ന ചെറിയ പാരാതികളോ പ്രശ്നങ്ങളോ വലുതായി അവർ കാണുന്നതും, അതു ഏറ്റെടുത്ത് വിവാഹ മോചനത്തിലേക്ക് വരെ യെത്തുന്നതും. ഈകാര്യം സത്യം തന്നെയാണെന്നു ദീർഘകാലത്തെ കൗൺസിലിഗ് അനുഭവത്തിലൂടെ മനസ്സിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഈ സത്യം വിവാഹിതരാകുവാൻ പോകുന്ന യുവാക്കൾ അറിഞ്ഞിരിക്കുക തന്നെ വേണം.
പങ്കാളിയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെ പോലെ കണ്ട് അവർക്ക് അർഹമായ വില നൽകിയിരുന്നെങ്കിൽ ഇന്നത്തെ പല വിവാഹ മോചന കേസുകൾ തന്നെ ഉണ്ടാകില്ലായിരുന്നു. മനോഭാവത്തിൽ മാറ്റം വരുത്തു!. അതു നിങ്ങളുടേയും പങ്കാളിയുടെയും, അവരുടെ മാതാപിതാക്കളുടേയും ജീവിതം സന്തോഷകരമാക്കുമെന്നത് ഉറപ്പാണ്.
KHAN KARICODE
CON : PSYCHOLOGIST