നമ്മുടെ ഓരോ വാക്കുകളും ., ചിലപ്പോൾ ചിലരുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം . അതുകൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. തെറ്റായ സമയത്ത് ഒരു തെറ്റായ വാക്ക് എല്ലാം തന്നെ ഇല്ലാതാക്കിയേക്കാം .അത് ചിലപ്പോൾ നല്ലൊരു കുടുംബജീവിതം, നല്ലൊരു സൗഹൃദം , വർഷങ്ങളുടെ നമ്മുടെ കഠിനാധ്വാനം , ചിലപ്പോൾ ജീവിതം തന്നെ .., അതുകൊണ്ട് വാക്കുകൾ എപ്പോഴും സൂക്ഷിച്ച് പ്രയോഗിക്കുക.
നമ്മുടെ വാക്കുകൾ ആണ് നമ്മുടെ മുഖം .. നമ്മുടെ പെരുമാറ്റം ആണ് നമ്മുടെ നിറം..നമ്മുടെ മനസ്സാണ് സൗന്ദര്യം. ദയയുള്ള
വാക്കുകൾ ,അവ ഹ്രസ്വവും സംസാരിക്കാൻ എളുപ്പവുമാണ്.പക്ഷേ അവയുടെ പ്രതിധ്വനികൾ അനന്തമാണ്.മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകൾ നമ്മുടെ ചുണ്ടോളമെത്തി യാലും അത് ഉമിനീരിൽ അലിയിച്ചു കളയുക.അകൽച്ച ഉണ്ടാക്കുന്നതിലും നല്ലത് അലിഞ്ഞുചേരുന്നതാണ്.
വാക്കുകൾ വളരെ സൂക്ഷിച്ച് മാത്രം പ്രയോഗിക്കുക . കാരണം അത് കേട്ടയാൾക്ക് പൊറുക്കാൻ മാത്രമേ സാധിക്കൂ ..അത് മറക്കാൻ സാധിക്കില്ല .അസ്ത്രം പോലെ
തന്നെയാണ് പല വാക്കുകളും .
നമ്മളറിയാതെ പ്രയോഗിച്ച വാക്കുകൾ ഏതെങ്കിലും ഹൃദയത്തിലിപ്പോഴും തറച്ചിരിപ്പുണ്ടാകും ..
ഒരു നിത്യനോവായി.
ചിലരുടെ വാക്കുകൾ അത് എത്ര ചെറുതാണെങ്കിലും ആഴത്തിൽ മുറിവേൽപ്പിക്കും.
നൊമ്പരപ്പെടുത്തുന്ന ഒരു വാക്ക് ഹൃദയത്തെ വേദനിപ്പിക്കും. പക്ഷേ മധുരിക്കുന്ന ഒരായിരം വാക്കുകൾ കൊണ്ടുപോലും ഹൃദയത്തിൻ്റെ ആ വേദന ശമിപ്പിക്കാൻ കഴിയില്ല.
കണ്ണ് നിറയാനും മനസ്സു നിറയാനും ഒരൊറ്റ വാക്ക് മതി . അർത്ഥത്തിലല്ല അത് ഉപയോഗിക്കുന്നതിലാണ് വാക്കിന്റെ യഥാർത്ഥ പൊരുൾ.ഒരൊറ്റ വാക്കുകൊണ്ട് നമ്മൾ ഉപേക്ഷിച്ചതൊക്കെയും പിന്നീട് ഒരായിരം വാക്കുകൾ ഉപയോഗിച്ചാലും തിരിച്ചുകിട്ടിയെന്ന് വരില്ല.
മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നിതാണ്. അവന് മറ്റുള്ളവർ തെറ്റായ വഴിയിലാണെന്ന് വളരെ എളുപ്പത്തിൽ മനസ്സിലാവും. മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും കണ്ടെത്തി കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്യും.
എന്നാൽ താനും അതേ മാർഗ്ഗത്തിൽ തന്നെയാണെന്ന കാര്യം അവന് ഒരിക്കലും മനസ്സിലാക്കാനാവുന്നില്ല. തന്റെത് ശരിയാണ് എന്നതായിരിക്കും അവന്റെ ചിന്ത. മറ്റുള്ളവരെ വിലയിരുത്തുന്നതോടൊപ്പം സ്വയം വിലയിരുത്തുന്നതും നല്ലതാണ്.
വേണ്ടപ്പോൾ മാത്രം സംസാരിക്കുകയും വേണ്ടത് മാത്രം സംസാരിക്കുകയും ചെയ്യുമ്പോഴാണ് വാക്കുകൾ മൂല്യമുള്ളതാകുന്നത്. ഓരോ വാക്കിലും പറയുന്നവൻ്റെ അർത്ഥത്തേക്കാൾ കേൾക്കുന്നവൻ്റെ അർത്ഥത്തിനാണ് പ്രാധാന്യം.നമ്മൾ ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടു പോകുമ്പോൾ , നമ്മുടെ ധൈര്യം നഷ്ടപ്പെട്ടിരി മ്പോൾ ചില നല്ല വാക്കുകളുടെ രൂപത്തിലായിരിക്കും പരിഹാരവുമായി ചിലർ കടന്നുവരുന്നത്.
മറ്റുള്ളവരുടെ മനസ്സിന് സന്തോഷം നൽകുന്ന ഒരോർമയാവുക. മറ്റുള്ളവർ നമ്മെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക. അവരുടെ ചിന്തകളിൽ ജീവിക്കുക.
ഇതെല്ലാം ജീവിതം കൊണ്ട് നേടിയെടുക്കേണ്ട ഏറ്റവും വലിയ സമ്പാദ്യമാണ്.