കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വൻ തീപിടിത്തം: 35 മരണം, നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍
കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ മംഗഫ് നഗരത്തിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയതായി റിപ്പോർട്ട്.
മരിച്ചവരില്‍ രണ്ട് മലയാളികള്‍ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. തമിഴ്‌നാട്ടുകാരും വടക്കേ ഇന്ത്യക്കാരായ ചിലരും മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്നുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. അതേസമയം, മരിച്ചവരില്‍ നാലു പേര്‍ ഇന്ത്യക്കാരാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. രണ്ടുപേര്‍ മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു ഉത്തരേന്ത്യന്‍ സ്വദേശിയും മരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 35 പേര്‍ മരിച്ചതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് പേര്‍ മരിച്ചുവെന്നും 39 പേര്‍ക്ക് പരുക്കേറ്റുവെന്നുമാണ് ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈറ്റിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്കു മാറ്റിയതായും പലരുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ഫ്ലാറ്റിലാണ് തീ പിടിച്ചത് എന്നാണ് വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്യുന്നത്. മൻഗഫ് ബ്ലോക്ക് നാലിലുള്ള എൻബിറ്റിസി കമ്ബനിയിലെ ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഇന്ന് വെളുപ്പിന് നാല് മണിയോടെ ആയിരുന്നു തീപിടിത്തം ഉണ്ടായത്. ലേബർ ക്യാമ്ബിലെ അടുക്കളയില്‍ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ അദാൻ, ജാബർ, മുബാറക് എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. സമീപത്തുള്ള പല ആശുപത്രികളിലായി നിരവധിപേർ ചികിത്സയിലാണ്. താഴത്തെ നിലയില്‍ തീ പടരുന്നത് കണ്ട് മുകളില്‍ നിന്ന് ചാടിയവരുമുണ്ട്.നിരവധിപേർ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട‌്.. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
കൂടുതല്‍ ഫയർ എൻജിനുകളും രക്ഷാപ്രവർത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ഇപ്പോഴത്തെ ശ്രമം.