ഇന്ന് ലഹരി വിരുദ്ധ ദിനം.
മദ്യം, മയക്കു മരുന്ന്, പുകയില, ലഹരിവസ്തുക്കള്‍ എന്നിവ കുട്ടികള്‍ക്കിടയില്‍ വ്യാപകമായി കൊണ്ടിരിക്കുകയാണ്.. ഇത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം ഗൗരവമായി കാണേണ്ട ഒന്നാണ് ലഹരിവസ്തുക്കളുടെ ഉപയോഗം അവരില്‍ ഉണ്ടാക്കുന്ന വ്യക്തിത്വവൈകല്യങ്ങള്‍.
പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല ലഹരി വസ്തുക്കളുടെ ഉപയോഗം. വളരെ സാവധാനമാണ്..കുട്ടികള്‍ പലപ്പോഴും ലഹരിക്ക് അടിമപ്പെടുന്നത്. പലപ്പോഴും മോശം കൂട്ടുകെട്ടുകള്‍ തന്നെയാണ് ഇത്തരം സാഹചര്യങ്ങളില്‍ കൊണ്ടെത്തിക്കുന്നത്..വീട്ടിലെ പ്രശ്നങ്ങള്‍, വിഷാദരോഗം, ടെന്‍ഷന്‍, പ്രണയനൈരാശ്യം, അധികമായി ലഭിക്കുന്ന പോക്കറ്റ് മണി എന്തു ചെയ്യണമെന്നറിയാതെ നടക്കുന്നവര്‍, കൂട്ടുകാരില്‍ നിന്നും കേട്ട നിറംപിടിപ്പിച്ച കഥകള്‍ കേട്ടുള്ള ആവേശം, അങ്ങനെ പല പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ ഇത്തരം കൂട്ടുകെട്ടുകളില്‍ പെട്ടെന്ന് ചെന്നുവീഴും. ഇവരെ വല വീശി പിടിക്കാനായി സ്‌കൂളുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കു മരുന്നിന്റെ റാക്കറ്റുകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ശീലമായി മാറുന്നു. അത് ക്രമേണ ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു.
കേരളം നിലനിന്നു പോകുന്നത് പുറത്ത് പോയ് പണിയെടുക്കുന്നവന്റെയും മദ്യം വിറ്റ് കിട്ടുന്നവന്റെയും കാശിന്റെയും ബലത്തിലാണ് എന്നാണ് കേൾവി. അങ്ങനെ പുറത്തു പോയവരുടെയും അകത്തേക്ക് പോവുന്നതിന്റെയും ബലത്തിൽ നിലനിൽക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ നിരോധനം പോലുള്ള ശ്രമങ്ങളും രാഷ്ട്രീയ വിലപേശലുകളും നമ്മൾ കണ്ടു കഴിഞ്ഞു.
കുടിച്ച് ഒരു വഴിക്കായ ഒരു സമൂഹമായിരിക്കുന്നു നമ്മുടേത് എന്നതിൽ തർക്കത്തിന് വഴിയില്ല . മദ്യപിക്കുന്നവർ യഥേഷ്ടമുള്ള, മദ്യം കേരളത്തേക്കാൾ സുലഭമായ മിക്കയിടങ്ങളിലും ഇത്തരം നശിച്ച കുടി വ്യാപകമാണെന്ന് തോന്നുന്നില്ല.
വരുമാനത്തിന്റെ നല്ലൊരു പങ്ക് സംസ്ഥാനത്തിന് നേടിത്തരുന്ന ബിവറേജസ് കോർപറേഷൻ തന്നെ ലഹരി മുക്തിക്കായി ആശുപത്രിയും തുടങ്ങുന്ന വിചിത്ര ഹാസ്യങ്ങൾ അരങ്ങേറുന്ന നാട്ടിൽ നിരോധനം പോലെ പ്രായോഗികമല്ലാത്ത പ്രതിവിധികൾക്ക് പകരം വ്യക്തി എന്ന നിലക്ക് നിയന്ത്രണം പുലർത്തുന്നതാവും ഉചിതം.
ആഗോള തലത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 2020ൽ 275 ദശലക്ഷം ആളുകൾ മയക്കുമരുന്നിന് അടിമപ്പെട്ടുവെന്നാണ് സൂചിപ്പിക്കുന്നത്. 2010-ലെ കണക്കിനെ അപേക്ഷിച്ച് 22 ശതമാനം വർധിച്ചതായി യുഎൻ ഡ്രഗ്സ് ആൻഡ് ക്രൈം ഓഫീസ് പറയുന്നു. 2010 നും 2020 നും ഇടയിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം ഏകദേശം 18 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകമെമ്പാടുമുള്ള മയക്കുമരുന്ന് ദുരുപയോഗ ഭീഷണിയുടെ തോത് പ്രതിഫലിപ്പിക്കുന്നതാണ് കണക്കുകൾ. എല്ലാ രാജ്യങ്ങളിലും മയക്കുമരുന്ന് ഉപയോഗം ഓരോ വർഷവും കൂടി വരികയാണ്. എന്താണ് മയക്കുമരുന്നുകൾ എന്ന് അറിയാനോ അല്ലെങ്കിൽ ഒരു തവണ ഉപയോഗിച്ചിട്ട് നിർത്താമെന്ന് കരുതിയോ ലഹരി ഉപയോഗം തുടങ്ങുകയാണെങ്കിൽ ഓർക്കുക... ലഹരി തിരിച്ചു വരാനാകാത്ത വിധം നമ്മളെ കീഴ്‌പ്പെടുത്തിക്കളയും..അത് സമൂഹത്തിന് തന്നെ മഹാവിപത്താണ്...!
ലഹരിമരുന്നുകളുടെ കെണിയിൽ പലപ്പോഴും അകപ്പെടുന്നതു കുട്ടികളാണ്. ജീവിതം തന്നെ വഴിതെറ്റിക്കുന്ന ഈ വസ്തുക്കളെക്കുറിച്ചു കുട്ടികൾക്കു വേണ്ടത്ര അറിവില്ലെന്നതാണു വാസ്തവം. ഉണ്ടായിരുന്നെങ്കിൽ പലരും ദുർഗതിയിൽ പെടില്ലായിരുന്നു. കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം കാട്ടുതീയേക്കാൾ വേഗത്തിൽ വളർന്നു സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. ഒരിക്കലും തിരിച്ചു കയറാൻ പറ്റാത്ത, മഹാഗർത്തത്തിലേക്കാണ് ലഹരിയുടെ ഉപയോക്താക്കൾ പതിക്കുന്നത്.ആഗോള വ്യാപകമായി ലഹരിക്കെതിരായ പ്രതിഷേധ സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും വർധിച്ചു വരുമ്പോഴും ജനങ്ങൾക്കിടയിലുള്ള ലഹരിയുടെ സ്വാധീനം അതിനാനുപാദികമായി വളരുവെന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.
ജാതി, മത, പ്രായ ഭേദമന്യെ ലഹരിയൊരുക്കുന്ന അപകടച്ചുഴികളിൽ പതിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന ഈ വർധനവാകും വരും കാലത്ത് മാനവരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നത് സുവ്യക്തം. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിക്കുന്ന ലഹരിയുടെ ഈ കരാളഹസ്തങ്ങൾക്ക് കൈയാമമിടുകയെന്ന ശ്രമകരമായ ദൗത്യത്തേക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാകുന്നു ഈ ലഹരി വിരുദ്ധ ദിനവും. ശരിയായ അവബോധത്തിലൂടെ മാത്രമേ കരപറ്റാനാകൂ. കൂട്ടായ യത്നം ഇതിന് അനിവാര്യമാണ്.
"ജീവിതം തന്നെയാകട്ടെ ലഹരി"