കളിക്കുന്നവരുടെ കാറിനുള്ളിൽ കുടുങ്ങിപ്പോയ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി.
തിരുവനന്തപുരം: കാറില്‍ കുടുങ്ങിയ രണ്ടരവയസുകാരനെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. കാറിലിരുന്ന് താക്കോലുമായി കളിക്കുന്നതിനിടെയില്‍ കാർ ലോക്ക് ആയി പോവുകയായിരിന്നു.
മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ കാറിനുള്ളില്‍ കുടുങ്ങിയ കുരുന്നിനെ രക്ഷപ്പെടുത്തിയത്. വീട്ടുകാരെ മുള്‍മുനയില്‍ നിർത്തിയ സമയത്തും കാറിനുള്ളില്‍ ഇതൊന്നും അറിയാതെ കുട്ടി താക്കോലുമായി കളിക്കുകയായിരുന്നു.
തിങ്കള്‍ രാവിലെ രോഹിണി ഭവനില്‍ നന്ദുവിന്റെ മകൻ ആരവ് ആണ് വാഹനത്തില്‍ അകപ്പെട്ടത്. അച്ഛൻ കാർ കഴുകുന്നതിനിടെയാണ് ആരവ് താക്കോലുമായി ഉള്ളില്‍ കയറിയത്. വാതില്‍ അടഞ്ഞു ലോക്കായതോടെ ആശങ്കയായി.
ഡ്യൂപ്ലിക്കറ്റ് താക്കോല്‍ തിരഞ്ഞെങ്കിലും ആദ്യം കണ്ടെത്താനായില്ല. വാതില്‍ തുറക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. തുടർന്ന് വിഴിഞ്ഞം അഗ്‌നിരക്ഷാസേനയെ അറിയിച്ചു. ഗ്ലാസ് പൊട്ടിക്കുന്നത് കുഞ്ഞിന് അപകടം വരുത്താൻ സാധ്യതയുണ്ടെന്ന് കണ്ടാണ് മറ്റ് മാർഗങ്ങള്‍ തിരഞ്ഞത്. അതിനിടെ വീട്ടുകാർക്ക് ഡ്യൂപ്ലിക്കറ്റ് താക്കോല്‍ ലഭിച്ചു. തുടർന്ന് കാർ തുറന്ന് കുഞ്ഞിനെ പുറത്ത് എത്തിച്ചു. കുഞ്ഞിന് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. വിഴിഞ്ഞം അഗ്‌നിരക്ഷാസേനയിലെ എഎസ്‌ടിഒ സജികുമാർ, ജിഎസ്‌ടിഒ വിനോദ്‌കുമാർ, സന്തോഷ്‌കുമാർ, പ്രശാന്ത്, അനീഷ്, ഷിബു, രാജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതിനിടെ രക്ഷാപ്രവർത്തന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം വൈറലായി. കാറിനുള്ളിലകപ്പെട്ടിട്ടും ഉന്മേഷവാനായി പുറത്തു നിന്നുള്ള നിർദേശങ്ങള്‍ക്കനുസരിച്ചു പെരുമാറുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടിയത്. രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സ് സേനാംഗം വയർലസ് സെറ്റു കാട്ടി റിമോട്ടിന്റെ ബട്ടണ്‍ അമർത്തുന്നതിനു കുട്ടിയോട് ആംഗ്യ ഭാഷയിലൂടെ ശ്രമിക്കുന്നതും കുട്ടിയുടെ പരിഭ്രാന്തമല്ലാത്ത ഭാവങ്ങളുമൊക്കെയാണ് ദൃശ്യങ്ങളെ ശ്രദ്ധേയമാക്കിയത്.
ഫർഫോഴ്സ് ഉദ്യോഗസ്ഥർ അടക്കമുള്ള ചുറ്റും കൂടിയിരുന്നവരുടെ അവസരോചിത ഇടപെടൽ തന്നെയാണ് കുട്ടി പേടിക്കാതിരിക്കാൻ കാരണം. കാറിനുള്ളിൽ നിന്നും പുറത്ത് വരുന്നതുവരെ കുട്ടിയെ വളരെ സന്തോഷവാനായി കാണാൻ കഴിഞ്ഞതും അഭിനന്ദിക്കപ്പെടേണ്ട കാര്യം തന്നെയാണ്.