ആരോഗ്യ സംരക്ഷണത്തിന് ഒരുപാട് പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന മാസമാണ് കർക്കിടകം. മൈലാഞ്ചിക്ക് കർക്കിടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.കർക്കിടകമാസം എന്നാല്‍ പലയിടത്തും മഴക്കാലം കൂടിയാണ്.
മഴക്കാലം രോഗങ്ങളുടേത് കൂടി ആയതിനാല്‍ മഴക്കാലത്ത് കയ്യിലും കാലിലും ഉണ്ടാകുന്ന ഫംഗസ് ബാധക്കും നഖത്തിലെ വേദനക്കും നഖം പഴുക്കല്‍, നിറവ്യത്യാസം, അണുബാധ തുടങ്ങിയവക്കെല്ലാം പരിഹാരം കാണുന്നതിനുമായി ആണ് മൈലാഞ്ചി ഇടുന്നത്. മതാചാരങ്ങള്‍ക്കു പുറമേ ആയുർവേദത്തിലും ഒരു പ്രമുഖ സ്ഥാനമുള്ള മൈലാഞ്ചിയുടെ എല്ലാ ഭാഗങ്ങളും ഔഷധഗുണം ഉള്ളവയാണ്.
കേരളത്തിൽ ചിലയിടങ്ങളിൽ കർക്കടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ച പത്തില ഉപ്പേരി/ തോരൻ കഴിക്കുന്ന ഒരു ആചാരമുണ്ട്. താള്, തകര, ചേമ്പ്, ചേന, ചീര, പയർ, നെയ്യുണ്ണി, പുല്ല്, മത്തൻ, കുമ്പളം, കരിക്കൊടി അല്ലെങ്കിൽ തഴുതാമ എന്നീ പത്തിലകൾ (കഞ്ഞിയിലെന്ന പോലെ പത്തിലയിലും പ്രാദേശികമായ വ്യത്യാസങ്ങൾ കാണും ) കൊണ്ടുണ്ടാക്കുന്ന ഉപ്പേരി/ തോരൻ പേര് പറയാതെ കഴിക്കണമെന്നാണ് ചൊല്ലുള്ളത്. കൂടാതെ സ്ത്രീകൾ കയ്യിൽ മൈലാഞ്ചി അണിയുന്ന ദിവസവും കൂടിയാണ് കർക്കിടകത്തിലെ ആദ്യത്തെ വെള്ളിയാഴ്ച.
അതുപോലെ തന്നെ കേശ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് മൈലാഞ്ചി പേസ്റ്റായോ പൊടിയായോ ആഴ്ചയില്‍ ഒരു തവണ വീതം തലയില്‍ തേക്കുന്നത് താരനെ തുരത്തുന്നതിനും മുടിക്ക് മൃദുത്വവും തിളക്കവും നല്‍കുന്നതിനും സഹായിക്കും. ഫംഗസിനെയും ബാക്ടീരിയയെയും പ്രതിരോധിക്കാൻ കഴിവുള്ള മൈലാഞ്ചി ശരീരത്തിലെ അമിതമായ ചൂടിനും വളരെ നല്ലൊരു പ്രതിവിധിയാണ്.
ഉറങ്ങാൻ സമയത്ത് മൈലാഞ്ചി ഇല അരച്ച് പാദങ്ങളില്‍ തേച്ചു പിടിപ്പിക്കുന്നത് ശരീരത്തിലെ അമിതമായ ചൂടിനെ കുറയ്ക്കുന്നതിന് സഹായിക്കും. പൂവും കായും തൊലിയും എല്ലാം ആരോഗ്യത്തിന് സഹായിക്കുന്നത് ആയതിനാല്‍ കർക്കിടക മാസത്തില്‍ മൈലാഞ്ചിക്കുള്ള സ്ഥാനം ചെറുതല്ല