ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാളയിൽ‌ വനിതാ ഡോക്ടറെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു; ​​ഗുരുതരമായി പരിക്കേറ്റു


മാള അഷ്ടമിച്ചിറയില്‍ വനിത ദന്തഡോക്ടറെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. അഷ്ടമിച്ചിറ സ്വദേശിയായ പാർവതി ശ്രീജിത്താണ് തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.


ഇന്നലെ ഉച്ചയ്ക്ക് ക്ലിനിക്കില്‍ നിന്നും ഇന്ത്യൻ ഓയില്‍ പമ്ബിന്റെ പുറകുവശത്തുള്ള വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുന്ന സമയത്താണ് നായ്ക്കള്‍ കൂട്ടം ചേർന്ന് പാർവതിയെ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പെട്രോള്‍ പമ്ബിലെ സിസിടിവി ക്യാമറയിലാണ് ഞെട്ടിക്കുന്ന സംഭവം പതിഞ്ഞത്.


നായ്ക്കള്‍ വരുന്നത് കണ്ടു ഭയന്ന പാർവതി പുറകോട്ട് വീഴുകയായിരുന്നു. വീണുകിടന്നിരുന്ന ഡോക്ടറെ നായ്ക്കള്‍ രണ്ടു തുടകളിലും കൈകളിലുമായി കടിക്കുകയായിരുന്നു. തെരുവുനായ ആക്രമണത്തില്‍ ഡോക്ടർക്ക് സാരമായ പരിക്കുകള്‍ പറ്റുകയും വീഴ്ചയില്‍ ഡോക്ടറുടെ കൈക്ക് ഒടിവും സംഭവിച്ചിട്ടുണ്ട്. തക്ക സമയത്ത് പമ്ബിലെ ജീവനക്കാർ വന്നതിനാല്‍ ആണ് തനിക്ക് ജീവൻ തിരിച്ചുകിട്ടിയെന്നാണ് ഡോക്ടർ പ്രതികരിക്കുന്നത്.


നായകള്‍ സ്ത്രീയെ ആക്രമിക്കുന്ന കണ്ട് ആളുകള്‍ ബഹളം വച്ച്‌ കൂടിയതോടെയാണ് നായകള്‍ ഓടി രക്ഷപ്പെടുന്നത്. മൂന്ന് നായ്ക്കള്‍ ചേർന്നായിരുന്നു യുവ ഡോക്ടറെ ആക്രമിച്ചത്.