ഇന്ന് പല വീടുകളിലും സാധാരണയായി കാണപ്പെടുന്ന ശല്യക്കാരായ ജീവികളില്‍ ഒന്നാണ് പാറ്റകള്‍. ഭക്ഷണസാധനങ്ങളിലും പാത്രങ്ങളിലും ഒക്കെ കയറിക്കൂടി പണി തരുന്നതാണ് സാധാരണയായി പാറ്റകളെ
എന്നാല്‍, കഴിഞ്ഞ ദിവസം ചൈനയില്‍ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തില്‍ ഒരു ചെറിയ പാറ്റ കാരണം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയില്‍ എത്തി ഒരു മനുഷ്യൻ. രാത്രി ഉറങ്ങിക്കിടന്നപ്പോള്‍ മൂക്കിലൂടെ കയറിയ പാറ്റ ഇദ്ദേഹത്തിന്റെ ശ്വസനനാളത്തില്‍ കുടുങ്ങുകയായിരുന്നു.
ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ താമസക്കാരനായ ഹൈക്കൗ എന്ന 58 -കാരൻറെ മൂക്കിലാണ് ഉറങ്ങിക്കിടന്നപ്പോള്‍ പാറ്റ കയറിയത്. മൂക്കില്‍ കുടുങ്ങിപ്പോയ പാറ്റ ഇദ്ദേഹം ശ്വാസം എടുത്തപ്പോള്‍ അകത്തേക്ക് കയറിയതായിരിക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഉറക്കത്തിനിടയില്‍ അസ്വസ്ഥത തോന്നി ഹൈക്കൗ ഉണർന്നപ്പോള്‍ തൊണ്ടയ്ക്കുള്ളിലേക്ക് എന്തോ അരിച്ചിറങ്ങുന്നതുപോലെ ഇയാള്‍ക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് അസ്വസ്ഥത തോന്നാതിരുന്നത് കൊണ്ട് അത് കാര്യമാക്കാതെ വീണ്ടും ഉറങ്ങി. പിറ്റേന്ന് ഉണർന്നപ്പോള്‍ വായില്‍ നിന്നും അതിരൂക്ഷമായ ഒരു ഗന്ധം അനുഭവപ്പെട്ടു.
തുടർന്ന് അദ്ദേഹത്തിൻറെ ആരോഗ്യനില വഷളായി വന്നു. അതികഠിനമായ ചുമ അനുഭവപ്പെട്ടതോടെ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഇദ്ദേഹം ഡോക്ടറെ കാണാൻ തീരുമാനിച്ചു. തുടർന്ന് നടത്തിയ സിടി സ്കാനിലാണ് ശ്വസനനാളത്തില്‍ കുടുങ്ങിയ നിലയില്‍ പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ഒരു മണിക്കൂര്‍ നീണ്ട മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം അഴുകിയ അവസ്ഥയിലിരുന്ന പാറ്റയെ പുറത്തെടുത്തു. ഹൈക്കൗവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മെഡിക്കല്‍ നടപടിക്രമങ്ങള്‍ക്കും നേതൃത്വം കൊടുത്ത ഡോ. ലിംഗ് ലിംഗ് ഇത്തരമൊരു അനുഭവം തന്റെ ജീവിതത്തില്‍ ആദ്യമാണെന്നാണ് വെളിപ്പെടുത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പ്രധാന കാരണം ചെറിയ ചെറിയ കാര്യങ്ങളില്‍ കാണിക്കുന്ന അശ്രദ്ധയാണെന്നും അദ്ദേഹം പറഞ്ഞു.