മെച്ചപ്പെട്ട ജീവിത നിലവാരം മനസ്സില്‍ കണ്ട് പണിയെടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.
സാമ്ബത്തിക നേട്ടത്തിലുപരി ജീവിതത്തിന് ഒരു ഘടനയും അർഥവും ആത്മാഭിമാനവുമൊക്കെ ഒരു ജോലി മുന്നോട്ടു വെക്കുന്നു.
എന്നാല്‍ ഒരു നെഗറ്റീവ് സ്പേയ്സില്‍ ജോലി ചെയ്യുന്നത് ഈ ഉദ്ദേശമൊക്കെ തകിടം മറിക്കും. കൂടാതെ നമ്മുടെ മാനസികാരോഗ്യം കൂപ്പൂക്കുത്തുകയും ചെയ്യും. ഇന്ന് ലോക മാനസികാരോഗ്യ ദിനം. തൊഴിലിടത്തെ മാനസിക സമ്മർദമാണ് ഇത്തവണത്തെ പ്രമേയം.
മാറുന്ന ജീവിത സാഹചര്യങ്ങള്‍ തൊഴിലിടത്തെയും ബാധിച്ചിട്ടുണ്ട്. നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യേണ്ട അവസ്ഥ, പിന്തുണയില്ലായ്മ, വിവേചനം, ഒഴിവാക്കല്‍, അമിത ജോലിഭാരം തുടങ്ങിയവ കാരണമുണ്ടാകുന്ന മാനസിക സമ്മർദം യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്നു വരികയാണ്. ഇതില്‍ ചിലര്‍ ജോലി ഉപേക്ഷിച്ചു പോകും. മറ്റ് ചിലർ അവിടെ എരിഞ്ഞടങ്ങും. യുവാക്കള്‍ക്കിടയില്‍ ഹൃദായഘാത നിരക്ക് വര്‍ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദമാണ്.
ജോലിസ്ഥലത്തെ മാനസികാരോഗ്യ അപകട സാധ്യതയെ സൈക്കോസോഷ്യല്‍ റിസ്ക് എന്നും വിളിക്കുന്നു. ആഗോളതലത്തില്‍ നോക്കിയാല്‍ പകുതിയിലേറെ ആളുകളും അനൗപചാരിക സമ്ബദ്വ്യവസ്ഥയില് പണിയെടുക്കുന്നവരാണ്. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷമോ സാമൂഹികമോ സാമ്ബത്തികമോ ആയ പരിരക്ഷയോ ഉണ്ടാകില്ല. ഇത് മാനസികാരോഗ്യത്തെ ദുർബലപ്പെടുത്തും.
സമ്മർദം കുറക്കാൻ ശ്രദ്ധിക്കുക
* ആറ് മുതല്‍ 8 മണിക്കൂർ വരെ ഉറക്കം
* ലഘു വ്യായാമങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കാം
* നല്ല സൗഹൃദങ്ങള്‍ നിലനിർത്താം.
* ജോലിയും ജീവിതവും തമ്മില്‍ കൃത്യമായ സന്തുലിതാവസ്ഥ നിലനിർത്താം(work life balance)
* കുടുംബത്തോടൊപ്പം ഒരു മണിക്കൂറെങ്കിലും ഗുണനിലവാരം ഉള്ള സമയം ചിലവഴിക്കുക(quality time).
* അവനവനു താല്പര്യമുള്ള കാര്യം ചെയ്യാൻ കുറച്ച് സമയം കണ്ടെത്തണം (me time)
* ജോലികളും ഉത്തരവാദിത്തങ്ങളും മുൻഗണനാക്രമത്തില്‍ ചെയ്യാം.
* സമയത്തുള്ള ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം.
* ലഹരിവസ്തുക്കളുടെ ഉപയോഗം ഒഴിവാക്കാം.
* ജോലിയില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സഹപ്രവർത്തകരോടോ ഉന്നതധികാരിയോടോ സഹായം തേടുന്നതില്‍ മടി വിചാരിക്കേണ്ട.
* സമ്മർദ്ദം അനുഭവപ്പെടുന്നെങ്കില്‍ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ തുറന്ന് പറയുക
* ജോലിയില്‍ മടുപ്പ് അനുഭവപ്പെടുന്നെങ്കില്‍ കുറച്ചുദിവസം അവധിയെടുത്ത് മാറിനില്‍ക്കാം
* ചെയ്യാൻ കഴിയാത്ത ജോലികള്‍, കഴിയില്ല എന്ന് ദൃഢതയോടെ പറയണം
* സമ്മർദ്ദം താങ്ങാൻ ആവുന്നില്ലെങ്കില്‍ മാനസികരോഗ വിദഗ്ധന്റെ സഹായം തേടാം.
ജീവനക്കാരുടെ മാനസിക സ്വാസ്ഥ്യം ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ കടമയാണ്. ഇതിനായി സ്ഥാപനങ്ങള്‍ പാലിക്കേണ്ട പ്രതിരോധ പ്രോത്സാഹന മാർഗങ്ങള്‍ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.